Category Archives: ആരോഗ്യം

കണ്ണേ കണ്‍‌മണി

പുതിയ തലമുറ സമയം ചിലവഴിക്കുന്നത് കമ്പ്യൂട്ടറിന്റെയും, ടെലിവിഷന്റെയും, വീഡിയോ ഗെയിംസിന്റെയുമൊക്കെ മുന്നിലാണ്. ജോലി സമയത്ത് കമ്പ്യൂട്ടറില്‍ കണ്ണും നട്ട് ഇരിക്കുന്നവര്‍ അതു കഴിഞ്ഞ് വീട്ടിലെത്തിയാലോ ടി.വിയില്‍ കണ്ണ് ഒട്ടിച്ചു വെച്ചാണ് ഇരിക്കുന്നത്. ഇതൊക്കെ നമ്മുടെ കണ്ണുകളെ തളര്‍ത്തുന്ന കാര്യം ആരും കാര്യമാക്കാറില്ല. ഇങ്ങനെ കണ്ണുകളെക്കൊണ്ട് അധിക ജോലി ചെയ്യിക്കുന്നത് ഭാവിയില്‍ അന്ധതയ്ക്കു വരെ കാരണമായി തീരാമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം എന്നറിയപ്പെടുന്ന നേത്രരോഗം കണ്ണുകളിലെ അസ്വസ്ഥത, കഴുത്തു വേദന എന്നീ ലക്ഷണങ്ങളോടെയാണ് പ്രത്യക്ഷപ്പെടുന്നത്.
കമ്പ്യൂട്ടറിന്റെ ഉപയോഗം ഏകദേശം 20മിനിറ്റ് വരുന്ന ഭാഗങ്ങളായി പരിമിതപ്പെടുത്തി ഇടയ്ക്ക് 5 മിനിറ്റിന്റെയെങ്കിലും ഇടവേളകള്‍ എടുക്കുന്നത് കണ്ണുകളുടെ ആയാസം കുറയ്ക്കും. നല്ല വെളിച്ചമുള്ള സ്ഥലത്തിരുന്നു വേണം കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുവാന്‍. ഒരു മിനിറ്റില്‍ നമ്മള്‍ ശരാശരി 12 പ്രാവശ്യം കണ്ണു ചിമ്മുന്നുണ്ട്. എന്നാല്‍ കമ്പ്യൂട്ടറില്‍ ഉറ്റുനോക്കി ഇരിക്കുമ്പോള്‍ ഇത് 5 തവണയായി കുറയുന്നു. ഇതുമൂലം കണ്ണുകള്‍ വരളുന്നതിന് ഇടയാകുന്നു. പഴങ്ങളുടെയും പച്ചക്കറികളുടെയും ധാരാളമായ ഉപയോഗം കണ്ണുകള്‍ക്ക് ആരോഗ്യം പ്രദാനം ചെയ്യും. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും തണുത്ത ശുദ്ധജലത്തില്‍ മുഖം കഴുകുന്നത് കണ്ണുകളുടെ ആരോഗ്യത്തിനു നല്ലതാണ്.

മസ്തിഷ്കത്തിന്റെ മറിമായം ഒ.സി.ഡി

എന്താണ്‌ OCD?
ഒബ്സെസ്സീവ്‌ – കമ്പല്‍സീവ്‌ ഡിസ്‌ഓര്‍ഡര്‍ എന്നതിന്റെ ചുരുക്കെഴുത്താണ് OCD. മസ്തിഷ്കത്തില്‍ വിവരങ്ങള്‍ രൂപപ്പെടുത്തുന്ന പ്രക്രിയയില്‍ ഉണ്ടാകുന്ന ഒരു വൈകല്യമാണ്‌ ഈ അവസ്ഥ.  മസ്തിഷ്കത്തില്‍ ആശയങ്ങള്‍ കൈമാറുന്ന നാഡിസന്ധികളില്‍ (സൈനാപ്സ്‌) ആവശ്യംവേണ്ട രാസപദാര്‍ത്ഥമായ സിറടോണിന്റെ അപര്യാപ്തതയാണ്‌ അസുഖ കാരണമെന്ന്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. നാമെല്ലാവരും ജീവിതത്തില്‍ ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ അടുക്കും ചിട്ടയും ഉള്ളവരാണ്‌. നമ്മുടെ ദിവസേനയുള്ള പ്രവര്‍ത്തിയില്‍ ചില കൃത്യങ്ങള്‍ നാം പാലിക്കാറുണ്ട്‌. ഉദാഹരണമായി മഷി തീര്‍ന്ന പേന പോലെയുള്ള ഉപയോഗ്യശൂന്യമായ സാധനങ്ങള്‍ സൂക്ഷിച്ചുവയ്ക്കുക, ടി.വിയില്‍ ചില പ്രത്യേക ചാനല്‍മാത്രം ആദ്യം കാണുക, പത്രത്തില്‍ ചില പ്രത്യേക കാര്യങ്ങള്‍ മാത്രം ആദ്യം വായിക്കുക, ഒരു പ്രധാനപ്പെട്ട കാര്യത്തിന്‌ പോകുമ്പോള്‍ ഒരു നിശ്ചിത വഴിയിലൂടെ മാത്രം പോകുക, ഒഴിവുസമയം ചില നിശ്ചിത സ്ഥലത്തുമാത്രം ചിലവഴിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ സാധാരണ നമ്മള്‍ എല്ലാവരും ചെയ്യാറുള്ളതാണ്‌. ഇതിനൊക്കെ നമുക്ക്‌ വ്യക്തമായ കാരണങ്ങളും ഉണ്ടാകും. എന്നാല്‍ ചിലയാളുകളില്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ സാധാരണയില്‍ കവിഞ്ഞ്‌ കാണപ്പെടുന്നു. ചില ആളുകള്‍ വീട്പൂട്ടി യാത്രയ്ക്കു ബസ്സ്റ്റോപ്പില്‍ ബസ്‌ കാത്തുനില്‍ക്കുമ്പോള്‍ അല്ലെങ്കില്‍, കാറില്‍ യാത്ര ചെയ്യുമ്പോള്‍ വീടുപൂട്ടിയോ എന്ന ശങ്കമൂലം വീണ്ടും തിരിച്ചുവന്നു നോക്കുക, കൈ വൃത്തിയായില്ലെന്ന തോന്നല്‍മൂലം ദിവസത്തില്‍ പലപ്രാവശ്യം കൈകഴുകുക, അലമാരയുടെ ലോക്കറില്‍ വച്ചിരിക്കുന്ന ആഭരണവും, പൈസയും അവിടെത്തന്നെയുണ്ടോ എന്ന്‌ പലപ്രാവശ്യം തുറന്നു പരിശോധിക്കുക, അതിനെക്കുറിച്ചുളള ചിന്തമൂലം വീട്ടില്‍നിന്നും പുറത്തിറങ്ങാതിരിക്കുക, അതുപോലെ കൃത്യമായി ചെയ്യുന്ന കാര്യങ്ങള്‍ ഒരുദിവസം ചെയ്യാന്‍ കഴിയാതെ വന്നാല്‍ എന്തെങ്കിലും ആപത്ത്‌ സംഭവിക്കുമോ എന്ന തോന്നല്‍ ഇത്തരത്തില്‍ ഉള്ള ആളുകളില്‍ കണ്ടുവരുന്ന രോഗമാണ്‌ OCD അഥവാ ഒബ്സസ്സീവ്‌ കമ്പല്‍സീവ്‌ ഡിസ്‌ഓര്‍ഡര്‍.
OCD യുടെ പ്രധാന ലക്ഷണങ്ങള്‍
*ശരീരത്തില്‍ അഴുക്ക്‌ പുരളുന്നതായി തോന്നല്‍, തന്‍മൂലം ആവര്‍ത്തിച്ച്‌ കൈകഴുകുകയോ, കുളിക്കുകയോ ചെയ്യുക.
*രോഗത്തെ ഭയപ്പെട്ട്‌ വസ്ത്രങ്ങള്‍ തുടരെതുടരെ കഴുകുക.
*അമിത പരിശോധന-അതായത്‌ വീട്‌ പൂട്ടിയോ, ഫ്രിഡ്ജ്‌ അടച്ചോ, ഗ്യാസ്‌ ഓഫാക്കിയോ, അലമാര പൂട്ടിയോ തുടങ്ങിയ കാര്യങ്ങള്‍ തുടര്‍ച്ചയായി പരിശോധിച്ചുകൊണ്ടിരിക്കുക.
*തുടര്‍ച്ചയായി എണ്ണിക്കൊണ്ടിരിക്കുക – ഇത്തരക്കാര്‍ എന്തെങ്കിലും വസ്തുക്കളോ, ചലനങ്ങളോ ആവര്‍ത്തിച്ച്‌ എണ്ണിക്കൊണ്ടിരിക്കും.
*ആരെങ്കിലും ഉപദ്രവിക്കുമോ എന്ന ഭയം. തന്‍മൂലം ഇതൊഴിവാക്കാനായി ചില പ്രത്യേക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നു. ഉദാഹരണത്തിന്‌ തുളസിയുടെ ഇല പറിച്ച്‌ പോക്കറ്റില്‍ ഇടുക തുടങ്ങിയവ.
*സാധനങ്ങള്‍ സൂക്ഷിച്ചുവയ്ക്കല്‍ – ഇക്കൂട്ടര്‍ പഴയ ഒരു സാധനവും കളയില്ല. തന്‍മൂലം പഴയ തുണികള്‍, പേന, പേപ്പര്‍, മാഗസിന്‍, പത്രങ്ങള്‍ തുടങ്ങിയവകൊണ്ട്‌ മുറി നിറയ്ക്കുന്നു.
*പാപബോധം – തന്‍മൂലം ഇത്തരക്കാര്‍ നിരന്തരമായി പ്രാര്‍ത്ഥിക്കുകയും ദൈവശിക്ഷയെ ഭയക്കുകയും ചെയ്യുന്നു. ഇത്തരം ചിന്ത ഒഴിവാക്കാന്‍ ചിലര്‍ ചില പ്രത്യേക കാര്യങ്ങള്‍ ചെയ്യാതിരിക്കുന്നു. ചിലരില്‍ ഇത്തരം ചിന്ത ആത്മഹത്യയ്ക്കുപോലും വഴി തെളിക്കുന്നു. *കൃത്യത- സാധനങ്ങള്‍ വേണ്ടപോലെ ഇരിക്കണമെന്ന തോന്നല്‍മൂലം എപ്പോഴും അടുക്കിപ്പെറുക്കിക്കൊണ്ടിരിക്കുക.
*ലൈംഗികത്വരയോ, ചിന്തയോ വേട്ടയാടുന്നതുമൂലം ലൈംഗികാവയവങ്ങളില്‍ സ്പര്‍ശിച്ചുകൊണ്ടിരിക്കല്‍.
*ചില പ്രത്യേക സാധനങ്ങള്‍ പ്രത്യേകരീതിയില്‍ സ്പര്‍ശിക്കുകയോ, എടുക്കുകയോ ചെയ്യല്‍.
*ചില പ്രത്യേക ഭക്ഷണം കഴിക്കാതിരിക്കുക, ചില പ്രത്യേക വസ്ത്രം ധരിക്കാതിരിക്കുക.
എന്താണ്‌ ഒബ്സെഷന്‍?
ഒബ്സഷന്‍സ്‌ എന്നാല്‍, ചിന്തകളും രൂപങ്ങളും സങ്കല്‍പ്പങ്ങളും കൂടി മനസ്സിനെ മഥിക്കുന്ന ഒരു പ്രക്രിയയാണ്‌. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഒരാളുടെ മനസ്സിലേയ്ക്ക്‌ അയാള്‍ ഇഷ്ടപ്പെടാതെ എന്നാല്‍ സ്വയം തടയാന്‍ കഴിയാതെ നുഴഞ്ഞുകയറുന്ന പേടിപ്പെടുത്തുന്നതോ, വെറുപ്പുളവാക്കുന്നതോ ആയ ചിന്തകളാണ്‌ ഒബ്സെഷന്‍സ്‌. ഇത്‌ സത്യത്തില്‍ അര്‍ത്ഥശൂന്യമാണെന്ന്‌ വ്യക്തിക്ക്‌ തിരിച്ചറിവ്‌ ഉണ്ടെങ്കിലും തടയാന്‍ കഴിയാതെ വരുന്നു. ഇതുമൂലം വ്യക്തിക്ക്‌ ഉത്കണ്ഠ, വിഷാദം, ജീവിതത്തോട്‌ വിരക്തി, ആത്മഹത്യാ ശ്രമം, ലഹരിവസ്തുക്കളോട്‌ ആസക്തി എന്നിവ ഉണ്ടായേക്കാം. ശരീരം വൃത്തിയായിട്ടില്ല എന്ന തോന്നല്‍, എയ്‌ഡ്‌സ് പോലുള്ള മാരകരോഗങ്ങള്‍ ബാധിച്ചിട്ടുണ്ടോ എന്ന തോന്നല്‍, മാലിന്യങ്ങളോടുള്ള അമിതമായ വെറുപ്പ്‌, തനിക്കോ പ്രിയപ്പെട്ടവര്‍ക്കോ അപകടം സംഭവിക്കുമോ എന്ന തോന്നല്‍, ചില പ്രത്യേക വസ്തുക്കളോടുള്ള അതിരുകവിഞ്ഞ ആകര്‍ഷണം തുടങ്ങിയവ സധാരണ  കാണുന്ന ഒബ്സെഷന്‍സാണ്‌.

എന്താണ്‌ കമ്പല്‍‌ഷന്‍സ് ?
മാനസിക പ്രവര്‍ത്തനത്തിന്റെ ചില നിശ്ചിത നിയമങ്ങള്‍ അനുസരിച്ച്‌ ഒരു വ്യക്തി ഒരേ പ്രവര്‍ത്തി തന്നെ പലപ്രാവശ്യം ആവര്‍ത്തിക്കുന്നതിനെയാണ്‌ കമ്പല്‍‌ഷന്‍ എന്ന്‌ പറയുന്നത്‌. അതായത്‌, ഒബ്സഷനെ ഇല്ലാതാക്കാന്‍ ചെയ്യുന്ന പ്രവര്‍ത്തികളാണ്‌ കമ്പല്‍‌ഷനുകള്‍. ഉദാഹരണമായി കൈ കഴുകിയിട്ട്‌ വൃത്തിയായില്ല എന്നു കരുതുന്നവര്‍ വീണ്ടും വീണ്ടും കൈ കഴുകുക, വീട്‌ അല്ലെങ്കില്‍ അലമാര പൂട്ടിയോ എന്ന്‌ സംശയമുള്ളയാള്‍ വീണ്ടും വീണ്ടും പരിശോധിക്കുക എന്നതൊക്കെ കമ്പല്‍‌ഷന്‍ കൊണ്ടാണ്‌. ചിലര്‍ ചില പ്രത്യേക കാര്യങ്ങള്‍ നിറവേറ്റുന്നതിനും, അല്ലെങ്കില്‍ അപകടകരമായ ചുറ്റുപാടില്‍ നിന്നും രക്ഷപെടുന്നതിനും മറ്റുമായി സ്വയം ചില തന്ത്രങ്ങള്‍ മെനയുന്നു. അതായത്‌ ഒരു പ്രത്യേക വഴിയിലൂടെമാത്രം യാത്ര ചെയ്താല്‍ കാര്യം നടക്കുമെന്നും, അപകടം സംഭവിക്കില്ല എന്നും കരുതുക, അല്ലെങ്കില്‍ പത്ത്‌ ചുവട്‌ നടന്നതിനു ശേഷം ഒരു ഇല പറിച്ച്‌ വഴിയില്‍ ഇടുക, അല്ലെങ്കില്‍ ഒരു പ്രത്യേക ചെടിയുടെ ഇലയില്‍ തൊടുക. ഇത്തരം പ്രവര്‍ത്തികളെല്ലാം രോഗി തനതായി നിര്‍മ്മിച്ച നിയമങ്ങള്‍ക്ക്‌ അനുസരണമായിട്ടാണ്‌ അനുഷ്ഠിക്കുന്നത്‌. പലപ്പോഴും ഇത്‌ ലളിതമോ, ശ്രദ്ധിക്കപ്പെടാത്തതോ ആകാം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വ്യക്തിയുടെ ജോലിയെ, പൊതു ജീവിതത്തെ അഥവാ ബന്ധങ്ങളെ ഗണ്യമായി ബാധിക്കുന്നു.
പ്രധാനമായും ആരെയാണ്‌  OCD ബാധിക്കുന്നത്‌?
ഏതു പ്രായത്തിലുള്ള ആളുകളേയും OCD ബാധിക്കുന്നു. പ്രധാനമായും കുട്ടികളിലാണ്‌ OCD യുടെ ലക്ഷണങ്ങള്‍ കാണുന്നത്‌. ആണ്‍കുട്ടികളില്‍ പെണ്‍കുട്ടികളെ അപേക്ഷിച്ച്‌ കൂടുതലായി OCD യുടെ ലക്ഷണങ്ങള്‍ കാണുന്നു.മുതിര്‍ന്നവരില്‍ സ്ത്രീകളെയും പുരുഷന്‍മാരെയും ഒരുപോലെ ബാധിക്കുന്നു.
OCD യുടെ കാരണങ്ങള്‍
ജനിതക കാരണങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്‌. പക്ഷെ OCD-ക്കു കാരണമായ ഒരു ജീന്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാല്‍ ചില കേസുകളില്‍ ഈ വൈകല്യം രൂപപ്പെടുത്തുന്നതില്‍ ജീനുകള്‍ക്ക്‌ പ്രത്യേക പങ്കുണ്ടെന്ന്‌ പഠനങ്ങള്‍ തെളിയിക്കുന്നു. മാതാവിനോ പിതാവിനോ OCD ഉണ്ടെങ്കില്‍ കുട്ടിക്കും ലക്ഷണങ്ങള്‍ കാണാനുള്ള സാധ്യത കൂടുതലാണ്‌. പക്ഷെ ഒരേ അസുഖ ലക്ഷണം ആകണമെന്നില്ല. മാനസികവും, വൈകാരികവും, ശാരീരികവുമായ സംഘര്‍ഷങ്ങള്‍ OCD യ്ക്ക്‌ കാരണമാകുന്നു. ഉദാഹരണമായി അപകടം, ഗര്‍ഭധാരണം, പ്രസവം, അബോര്‍ഷന്‍, വിവാഹമോചനം, പ്രണയനൈരാശ്യം, മരണം, ജോലിയിലെ പ്രശ്നങ്ങള്‍, അസുഖങ്ങള്‍ തുടങ്ങിയവ OCD ക്കു കാരണമായേക്കാം.
ചികിത്സാരീതികള്‍
മന:ശാസ്ത്ര ചികിത്സയും ഔഷധ ചികിത്സയും പ്രധാനമായ രണ്ട്‌ ചികിത്സാ രീതികളാണ്‌. മറ്റ്‌ ഏതൊരു രോഗത്തെയുംപോലെ തന്നെ OCD യേയും അതിന്റെ കാരണത്തെയും, ലക്ഷണത്തെയും, ചികിത്സയേയും കുറിച്ച്‌ രോഗിയേയും കുടുംബത്തേയും ബോധവത്ക്കരിക്കേണ്ടതുമുണ്ട്. ബോധവത്ക്കരണം OCD യെ സംബന്ധിച്ച്‌ വളരെ പ്രധാനപ്പെട്ടതു തന്നെയാണ്‌. ഔഷധ ചികിത്സയോടൊപ്പം തന്നെ ചെയ്യേണ്ടതും വളരെ പ്രധാനപ്പെട്ടതുമാണ്‌ മന:ശാസ്ത്ര ചികിത്സ. രോഗിക്ക്‌ ഒബ്സഷന്‍ മൂലം ഉണ്ടാകുന്ന ഉത്കണ്ഠയില്‍ നിന്നും മുക്തി നേടുന്നതിനും കംപല്‍ഷന്‍സ്‌ ഇല്ലാതാക്കുന്നതിനും ആ ചികിത്സ അനിവാര്യമാണ്‌. രോഗി ചെയ്യാന്‍ വിസമ്മതിക്കുന്ന കാര്യങ്ങള്‍ അയാളെക്കൊണ്ട്‌ ചെയ്യിക്കുകയും രോഗി ചെയ്യാറുള്ള പ്രവര്‍ത്തികള്‍ ചെയ്യിക്കാതിരിക്കുകയുമാണ്‌ ഇതിലൂടെ ചെയ്യുന്നത്‌. ഉദാഹരണമായി വീടിനു പുറത്തിറങ്ങിയാല്‍ ശരീരത്തില്‍ അഴുക്ക്‌ പുരളും എന്നു ഭയമുള്ള ആളെ നിര്‍ബന്ധിച്ച്‌ വീടിനു പുറത്തിറക്കുകയും എന്നാല്‍ വീടിനു പുറത്തിറങ്ങിയാല്‍ ഉടന്‍ തിരിച്ചുവന്ന്‌ കുളിക്കുന്ന വ്യക്തിയെ ആ പ്രവൃത്തി ചെയ്യാന്‍ ഡോക്ടര്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ കമ്പല്‍ഷനെ കുറച്ചുകൊണ്ട്‌ നിയന്ത്രിക്കുന്നു. അതായത്‌ ഈ ചികിത്സാരീതി രോഗിയുടെ ഒബ്സഷനു മേലുള്ള കമ്പല്‍ഷനെ തിരിച്ചറിഞ്ഞ്‌ ചികിത്സിക്കുകയാണ്‌ ചെയ്യുന്നത്‌. ഔഷധ ചികിത്സ രോഗത്തിന്റെ കാരണം കൃത്യമായി കണ്ടെത്തി മരുന്ന്‌ നല്‍കുകയാണ്‌ ചെയ്യുന്നത്‌. പ്രധാനമായും OCD യ്ക്ക്‌ ക്ളോമിപ്രമിന്‍ എന്ന മരുന്നാണ്‌ ഉപയോഗിക്കുന്നത്‌. ഇത്‌ രോഗത്തിന്റെ തീവ്രത കുറയ്ക്കുന്നു. തുടക്കത്തില്‍ പകല്‍ ഉറക്കം, വായ ഉണക്കം, കൈ വിറയല്‍, മലബന്ധം തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെങ്കിലും പിന്നീട്‌ രോഗത്തിന്റെ തീവ്രത കുറയുന്നതനുസരിച്ച്‌ പാര്‍ശ്വഫലങ്ങളും ഇല്ലാതാകുന്നു. ചില രോഗികള്‍ക്ക്‌ ദീര്‍ഘകാലം മരുന്ന്‌ കഴിയ്ക്കേണ്ടി വരും. ഫ്ളൂവോക്സെറ്റിന്‍, സെര്‍ട്രാലിന്‍ എന്നിവ OCD യ്ക്ക്‌ ഇന്ത്യയില്‍ ലഭ്യമായ മറ്റ്‌ മരുന്നുകളാണ്‌. പ്രധാനമായും ഒരു കാര്യം ശ്രദ്ധിക്കേണ്ടത്‌ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ മരുന്ന്‌ കഴിക്കാവൂ എന്നതാണ്. ഒരിക്കലും സ്വയം ചികിത്സ അരുത്‌.
സ്വയം നിയന്ത്രിക്കല്‍
OCD യുടെ ലക്ഷണങ്ങളെ നമുക്ക്‌ സ്വയം നിയന്ത്രിക്കാന്‍ സാധിക്കുന്നതാണ്‌. നാം ഭയപ്പെടുന്ന സാഹചര്യങ്ങളെ, കാര്യങ്ങളെ സ്വയം നേരിടുക. കമ്പന്‍സീവ്‌ സ്വഭാവത്തെ (പരിശോധിക്കല്‍, വൃത്തിയാക്കല്‍) ക്രമേണ നിയന്ത്രിച്ചുകൊണ്ടു വരിക. കമ്പന്‍ഷനോ നിയന്ത്രണമോ തനിക്ക്‌ ആവശ്യമില്ലെന്ന്‌ സ്വയം അഭിമാനിക്കുക. പഴയ കമ്പന്‍ഷനു പകരം പുതിയത്‌ കണ്ടെത്താതിരിക്കുക. ഉദാഹരണമായി ഇല പറിച്ച്‌ പോക്കറ്റില്‍ ഇടുന്നതിനു പകരമായി കല്ല്‌ പെറുക്കി ഇടാതിരിക്കുക. കമ്പന്‍ഷന്‍ പ്രവര്‍ത്തികളുടെ എണ്ണത്തില്‍ കുറവ്‌ വരുത്തുക (ഉദാഹരണമായി തുടര്‍ച്ചയായി എണ്ണുന്നത്‌ കുറയ്ക്കുക). നമുക്ക്‌ ഉണ്ടാകുന്ന ദുഷ്ചിന്ത വെറുമൊരു ദുഷ്ചിന്ത മാത്രമായി കരുതുക.
തിരിച്ചറിയുക.
എല്ലാ വ്യക്തികളിലും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള ഒബ്സെഷന്‍ ചിന്തകള്‍ ഉണ്ട്‌. എന്നാല്‍ ഇതില്‍ നിന്നും മോചനത്തിന്‌ ശ്രമിച്ച്‌ കമ്പന്‍ഷന്‍സ്  മനസ്സില്‍ കൊണ്ടുവന്ന്‌ വെറുതെ മാനസിക ആരോഗ്യത്തെ നശിപ്പിക്കാതിരിക്കുക. നമ്മുടെ മനസ്സും ശരീരവും നമ്മുടെ മാത്രം നിയന്ത്രണത്തില്‍ ആയിരിക്കണം. മനസ്സിലെ ദുഷ്ചിന്തകളെ വെറും ദുഷ്ചിന്തകള്‍ മാത്രമായി കരുതി തള്ളികളഞ്ഞുകൊണ്ട്‌ അര്‍ത്ഥപൂര്‍ണ്ണമായ ഒരു ജീവിതം നയിക്കാം. അതുപോലെ നമ്മുടെ കുടുംബാംഗങ്ങളുടെയും കുട്ടികളുടേയും സുഹൃത്തുക്കളുടെയും മാനസിക സംഘര്‍ഷങ്ങള്‍ വളര്‍ന്നു വലുതായി മാനസിക രോഗികള്‍ ആയി മാറാതിരിക്കാന്‍ കൈകോര്‍ക്കാം.

ജോബിന്‍ ജോസഫ്‌ കല്ലറയ്ക്കല്‍
സൈക്യാട്രിക്‌ സോഷ്യല്‍ വര്‍ക്കര്‍

പ്രസവ ശുശ്രൂഷ എന്തിനുവേണ്ടി?

നടുവ് വേദനയും ശരീര വേദനയും അകറ്റുക, ഗര്‍ഭാശയവും അനുബന്ധ അവയവങ്ങളും പൂര്‍വ സ്ഥിതിയിലേക്ക് മടങ്ങിവരാന്‍ സഹായിക്കുക, ആവശ്യത്തിന് പാല്‍ ഉല്പാദിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് പ്രസവ ശുശ്രൂഷകള്‍. നാഡീ വൈകല്യങ്ങള്‍ പരിഹരിക്കാനും ആരോഗ്യത്തിന്റെ തേജസ്സിലേക്ക് തിരിച്ചു വരാനുമാണ് തേച്ചു കുളിയും മറ്റും.