സബ്‌ രജിസ്ട്രാര്‍ ഓഫീസ്‌ മാറ്റാതിരിക്കാന്‍ രാഷ്ട്രീയ ചരടുവലികള്‍

കാഞ്ഞിരപ്പള്ളി: എരുമേലിയില്‍ പരാധീനതകള്‍ക്കു നടുവില്‍ പ്രവര്‍ത്തിക്കുന്ന സബ്‌ രജിസ്ട്രാര്‍ ഓഫീസ്‌ കൂവപ്പള്ളിയില്‍ പുതുതായി പണിത കെട്ടിടത്തിലേയ്ക്ക്‌ മാറ്റാതിരിക്കാന്‍ രാഷ്ട്രീയ ചരടുവലികള്‍ നടക്കുന്നതായി നാട്ടുകാര്‍ ആരോപിച്ചു. ബന്ധപ്പെട്ട അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് കൂവപ്പള്ളി സെന്റ്. ജോസഫ് പള്ളി അധികൃതര്‍ സൌജന്യമായി നല്‍കിയ സ്ഥലത്ത് ഇരുപത്തഞ്ചുലക്ഷം രൂപ മുടക്കി പണിതിരിക്കുന്ന കെട്ടിടം വെറുതേ കിടക്കുമ്പോള്‍ എരുമേലിയില്‍ ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍ ഓഫീസ് പ്രവര്‍ത്തിക്കേണ്ടി വരുന്നത് ചിലരുടെ രാഷ്ട്രീയ താല്പര്യങ്ങള്‍ മൂലമാണെന്ന് സബ്. രജിസ്ട്രാര്‍ ഓഫീസിലെ ചില ഉദ്യോഗസ്ഥരും അഭിപ്രായപ്പെട്ടു. ശബരിമല സീസണ്‍ ആരംഭിച്ചാല്‍ ഗതാഗതക്കുരുക്കിനാല്‍ വീര്‍പ്പുമുട്ടുന്ന എരുമേലിയില്‍ നിന്ന് തൊട്ടടുത്ത ടൌണ്‍ ആയ കൂവപ്പള്ളിയിലേയ്ക്ക് ഓഫീസ് മാറ്റുന്നത് പൊതുജനങ്ങള്‍ക്ക് സൌകര്യപ്രദമാണെന്നിരിക്കേ എരുമേലിയിലെ ചില വ്യാപാരികള്‍ക്കു വേണ്ടിയാണ് രാഷ്ട്രീയക്കാര്‍ ഓഫീസ് മാറ്റത്തെ എതിര്‍ക്കുന്നതത്രേ. കളക്ടര്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ പ്രദേശത്തെ പഞ്ചായത്തു പ്രസിഡന്റുമാര്‍ ജനവിരുദ്ധ നിലപാട് സ്വീകരിച്ചത് രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഓഫീസ് കൂവപ്പള്ളിയിലേക്ക് മാറ്റാന്‍ സാധിക്കുന്നില്ലെങ്കില്‍ പുതിയ ഓഫീസ് പണിയാന്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ചിലവായ തുക എം.എല്‍.എയടക്കമുള്ള ജനപ്രതിനിധികളില്‍ നിന്ന് നഷ്ടപരിഹാരമായി ഈടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Close Comments

Leave a Reply

Your email address will not be published. Required fields are marked *